ടെക്സസ്: വടക്കേ അമേരിക്കയിലെ സിഎസ്ഐ വിശ്വാസ സമൂഹത്തിന്റെ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ചുകൊണ്ട് 35-ാമത് സിഎസ്ഐ കുടുംബ - യുവജന സമ്മേളനം ഡാളസിലെ ലവ് ഓഫ് ക്രൈസ്റ്റ് സിഎസ്ഐ ചർച്ചിൽ സമാപിച്ചു.
ഇന്ത്യയുൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്നായി 500-ലധികം പ്രതിനിധികളും വിശ്വാസികളും പങ്കെടുത്ത സമ്മേളനം ആത്മീയതയും ചരിത്രനേട്ടവും ഒരുമിച്ചുചേർന്ന വേദിയായി.
നാല് ദിവസങ്ങളിലായി നടന്ന സമ്മേളനത്തിനിടെ പുതുതായി രൂപീകരിച്ച സിഎസ്ഐ ഡയസ്പോറ ഡയോസിസ് ഓഫ് നോർത്ത് അമേരിക്കയുടെ ആദ്യ ഡയോസിസൻ കൗൺസിൽ ഔദ്യോഗികമായി നിലവിൽ വന്നത് സമ്മേളനത്തിലെ പ്രധാന ചരിത്രനേട്ടമായി.
400-ലധികം പേരുടെ പങ്കാളിത്തത്തോടെ നടന്ന വർണാഭമായ ഗ്രാൻഡ് പ്രോസഷനോടെയായിരുന്നു സമ്മേളനത്തിന് തുടക്കമായത്. വിവിധ പ്രദേശങ്ങളെ പ്രതിനിധീകരിച്ച പതാകകളും സഭാ ബാനറുകളും വൈദികരും യുവജനങ്ങളും കുട്ടികളും കുടുംബങ്ങളും അണിനിരന്ന ഘോഷയാത്ര സമ്മേളനത്തിന് ശ്രദ്ധേയമായ തുടക്കമായി.
ചർച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ മോഡറേറ്റർ മോസ്റ്റ് റവ. ഡോ. കെ. റൂബൻ മാർക്ക് ഉദ്ഘാടന ആരാധനയ്ക്ക് നേതൃത്വം നൽകി.